04:15pm 09 November 2026
NEWS
അപകീര്‍ത്തികേസ് യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം
06/05/2025  04:52 PM IST
സണ്ണി ലുക്കോസ്
അപകീര്‍ത്തികേസ് യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം

അപകീര്‍ത്തികേസില്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എഫ്‌ഐആറിന്റെ കോപ്പി പോലും പൊലീസ് നല്‍കാതെയാണ് അറസ്റ്റ് നടത്തിയതെന്നും രാഷ്ട്രീയ വിരോധമാണ് കേസിന് അടിസ്ഥാനമെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. 

അതേ സമയം, ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം ലംഘിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍ അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഡിസംബര്‍ 23 നാണ് 'മറുനാടന്‍ മലയാളി' യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി.

കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്നും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img